കാലപ്രവാഹത്തിൻ വേഗത്തിലൊടുവിൽ
നീയെൻ നിഴൽരൂപം മറന്നുവോ തോഴീ?
നാം പങ്കുവെച്ചൊരാ സ്നേഹസംഗീതവും
മൗനത്തിൻ ആഴക്കടലിൽ പതിച്ചുവോ?
അനുവാദമില്ലാതെ നിൻ ചിന്തകളിൽ
അതിഥിയായ് വരാൻ എനിക്കാവില്ല.
എങ്കിലും, വിസ്മൃതിതൻ മൂടുപടത്തിന്നപ്പുറം
നിന്നോർമ്മകൾ എന്നിൽ ചിതയൊരുക്കുന്നു!
നൊമ്പരപ്പൂവുകൾ വിടരുന്ന വീഥിയിൽ
നിൻ മന്ദഹാസം തിരയുന്നു ഞാൻ ഇന്നും.
നീ എന്നെ വിസ്മരിച്ചൊരു പുഴയായ് ഒഴുകുമ്പോൾ,
ഞാൻ ആ പഴയ തീരത്ത് നിശ്ചലനായ് നിൽക്കുന്നു.
നമ്മളെന്ന വാക്കിലൊരു കാലം പൂത്തുലഞ്ഞ-
വസന്തങ്ങൾ ഇന്നു വെറും കരിയിലകൾ!
ഒരു നോക്കുപോലും തിരികെ നൽകാതെ നീ-
മറവിയുടെ മറുതീരം പൂകിയതെന്തേ?
ഏപ്രിൽ/19/2025

Comments
Post a Comment