പെയ്തു തോരാത്ത കനവുകൾക്കിടയിൽ
നാം പങ്കുവെച്ചൊരു നിലാവുണ്ടായിരുന്നു.
ഇന്നത് എന്റെ ജനാലയ്ക്കൽ വന്നു നിൽക്കുന്നത്
വെറുമൊരു വെളിച്ചമായല്ല, നിന്റെ
ഓർമ്മയായാണ്.
നക്ഷത്രങ്ങൾ പോലും ഉറങ്ങുന്ന ഈ യാമത്തിൽ,
വെള്ളി വെളിച്ചം പുതച്ചു നിൽക്കുമ്പോൾ
നിന്റെ സാമീപ്യത്തിന്റെ കുളിരറിയുന്നു,
നീയരികിലില്ലെന്ന കയ്പ്പേറിയ സത്യത്തിലും!
അകലങ്ങളിലിരുന്ന് നീയും കാണുന്നുണ്ടാവാം-
ഇതേ നിലാവിനെ, ഇതേ മൗനത്തെ.
രണ്ടു തീരങ്ങളിലായി നമ്മെ തളച്ചിട്ടപ്പോഴും
ഈ നിലാവു മാത്രം നമുക്കിടയിൽ പാലമിടുന്നു.
ആരും കാണാത്ത എന്റെ ഏകാന്തതയിൽ
നീ തന്ന പ്രണയത്തിന്റെ തിളക്കം മാത്രം.
നിലാവായ് നീ പെയ്തിറങ്ങുമ്പോൾ
ഞാൻ ആ വെളിച്ചത്തിൽ തനിച്ചാകുന്നു!
ജൂലൈ/27/2024

Comments
Post a Comment